ന്യൂഡൽഹി: എല്ലാ പൗരർക്കും സമയബന്ധിതമായ അടിയന്തര മെഡിക്കൽ ഗതാഗതം ഉറപ്പ് വരുത്തുന്നതിനായി ആംബുലൻസ് സേവനങ്ങൾക്കു ദേശീയ മാനദണ്ഡങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. രോഗികളെ ഏറ്റവും അടുത്തുള്ള ചികിത്സാകേന്ദ്രത്തിൽ ഇരുപത് മിനിറ്റിനുള്ളിൽ എത്തിക്കണമെന്ന ലക്ഷ്യത്തോടുകൂടിയാണ് ദേശീയ ആംബുലൻസ് സേവനങ്ങൾക്കായി സമഗ്രമായ ചട്ടക്കൂടുകളോടു കൂടിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പുറത്തിറക്കിയ 172 പേജുള്ള മാർഗരേഖകളിൽ അപകടം നടന്ന് ആദ്യ ഒരു മണിക്കൂറിനുള്ളിൽ (ഗോൾഡൻ അവർ) അപകടം പറ്റിയ വ്യക്തിക്ക് ചികിത്സാസഹായം ലഭ്യമാക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ടിട്ടുണ്ട്. അതിനാൽത്തന്നെ അപകടങ്ങൾ കൂടുതലായി സംഭവിക്കുന്ന സ്ഥലങ്ങൾ, ഹൈവേ ജംഗ്ഷനുകൾ, വ്യവസായ മേഖലകൾ, തിരക്കേറിയ ചന്തകൾ എന്നിവിടങ്ങളിൽ എല്ലാ ജില്ലാ, ബ്ലോക്ക് ടീമുകളും ആംബുലൻസുകൾ വിന്യസിക്കണമെന്ന് കേന്ദ്രത്തിന്റെ മാർഗരേഖയിൽ നിർദേശിക്കുന്നു.
ആംബുലൻസുകൾ എഐഎസ് 125 സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കണം, എല്ലാ ആംബുലൻസുകളും 112 എന്ന ഏക എമർജൻസി നമ്പറിലൂടെ പൗരർക്ക് ലഭ്യമാകണം, ആംബുലൻസുകളിൽ ജിപിഎസ് സജ്ജീകരിച്ചിട്ടുണ്ടായിരിക്കണം എന്നീ നിർദേശങ്ങൾ മാർഗരേഖയിലുണ്ട്.
വേഗത്തിലുള്ള ഏകോപനത്തിനായി ആംബുലൻസുകൾ നെറ്റ്വർക്ക് ചെയ്തതായിരിക്കണമെന്നും ഒരു കേന്ദ്രീകൃത കോൾ സെന്ററുമായി ബന്ധിപ്പിച്ചതായിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.